Thursday, October 15, 2009

BMI - 'ബോഡി മാസ്സ് ഇന്‍ഡക്സ്‌'

ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏവരേയും അലട്ടുന്ന പ്രശ്നമാണ് അമിത വണ്ണം. തീരെ മെലിഞ്ഞിരുന്ന കാലത്ത് തടി വെക്കാന്‍ കൊതിച്ചവര്‍ ഇപ്പൊ തടി കുറയ്ക്കാനുള്ള തത്രപ്പാടിലാണ്. ഇവിടെ വില്ലനാകുന്നത് മറ്റാരുമല്ല തടിയുടെ ഉറ്റ ബന്ധുവായ കൊളസ്ട്രോള്‍ തന്നെ.

നിങ്ങളുടെ വണ്ണം അമിതമാണോ അല്ലയോ എന്ന് എങ്ങനെ കണ്ടെത്താനാവും?


BMI എന്ന മൂന്നു അക്ഷരം ഇതിനു സഹായിക്കുന്നു. 'ബോഡി മാസ്സ് ഇന്‍ഡക്സ്‌' എന്നാല്‍
നിങ്ങളുടെ ഭാരത്തിനും പൊക്കത്തിനും അനുസരിച്ചുള്ള ശരീരത്തിലെ കൊഴുപ്പിന്റെ അളവാണ്.


ഇതു സ്വയം കണ്ടെത്താനാവും. ആദ്യം നിങ്ങളുടെ BMI കണ്ടെത്തുക.

BMI = ഭാരം (kg)
———————————
പൊക്കം x പൊക്കം (m)


ഉദാഹരണത്തിന് പൊക്കം 1.70 മീറ്ററും ഭാരം 60 കിലോയും ആണെന്നിരിക്കട്ടെ. നിങ്ങളുടെ BMI എന്നത് ( 60 / (1.7 x 1.7) ) 20.8 ആയിരിക്കും.

നിങ്ങളുടെ BMI 18.5ല്‍ താഴെ ആണെങ്കില്‍ ഭാരക്കുറവ്, 18.5 മുതല്‍ 24.9 വരെ സ്വാഭാവിക ഭാരം , 25 മുതല്‍ 29.9 വരെ അമിതവണ്ണം, 30ല്‍ കൂടുതല്‍ പൊണ്ണത്തടി എന്നിങ്ങനെ കണക്കാക്കാം.

ഭാരം കുറക്കാന്‍ സഹായിക്കുമെന്ന് അവകാശപ്പെടുന്ന പലതരം മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണെങ്കിലും അവ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. 'അത്താഴം മുടങ്ങിയാല്‍ അരത്തൂക്കം കുറയും' എന്ന പഴമൊഴി അനുസ്മരിച്ചു രാത്രിയില്‍ ലഘുഭക്ഷണം ശീലമാക്കുക. ഉറക്കം കൂടുതലോ കുറവോ ആകാതെ സന്തുലനമാക്കുന്നതും തടി കുറക്കാന്‍ സഹായിക്കുന്നു. കൃത്യമായ വ്യായാമം കൊണ്ടും, ആല്‍ക്കഹോളിന്റെ ഉപയോഗം കുറച്ചും, കൃത്യമായ ഇടവേളകളില്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ചു കൊണ്ടും സാവധാനം അമിത വണ്ണത്തെ നേരിടുന്നതാണ് ഉത്തമം.

പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങി ശരീരത്തിന്റെ താളം തെറ്റിക്കുന്ന ഒരു പിടി രോഗങ്ങളിലേക്കുള്ള ചവിട്ടുപടിയാണ് അമിത വണ്ണം എന്നത് മറക്കാതിരിക്കുക. ആരോഗ്യമുള്ള ഒരു ശരീരത്തിന് ഉടമകയാവാന്‍ ഇന്ന് തന്നെ തയാറെടുപ്പ് തുടങ്ങിക്കോളൂ.

No comments:

Post a Comment