Tuesday, August 9, 2011

അമേരിക്കന്‍ പ്രതിസന്ധി

അമേരിക്കന്‍ പ്രതിസന്ധി: ഇന്ത്യക്കു തുടക്കം കടുപ്പമായാലും ഒടുക്കം കരുത്താവുമെന്ന്‌ വിദഗ്‌ധര്‍
Text Size:
അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമായി ഇന്ത്യക്ക്‌ ദോഷം ചെയ്യുമെങ്കിലും ഭാവിയില്‍ ഗുണകരമാണെന്ന്‌ വിദഗ്‌ധര്‍.

ബാങ്കിംഗ്‌, സ്വര്‍ണ, ഐടി ഓഹരി വിപണികളില്‍ മുന്നേറ്റത്തിനു കാരണമാകും. ഇന്ത്യയിലെ ബാങ്കിംഗ്‌ അടിത്തറ കൂടുതല്‍ ശക്‌തമായതിനാല്‍ അമേരിക്കന്‍ കാറ്റ്‌ ഇന്ത്യയെ പിടിച്ചുകുലുക്കില്ലെന്നും അവര്‍ പറയുന്നു. എണ്ണ വില കുറയുന്നത്‌ നാണ്യപ്പെരുപ്പം കുറയ്‌ക്കും. ഇത്‌ ഇന്ത്യന്‍ സമ്പദ്‌ഘടനയെ കൂടുതല്‍ ശക്‌തമാക്കും. അങ്ങനെയായാല്‍ എളുപ്പത്തില്‍ ഇന്ത്യ ചൈനയ്‌ക്ക് മുന്നിലെത്തുമെന്ന്‌ പ്രവചിക്കുന്നവരുമേറെ. ആസന്നമായ ആ കുതിച്ചുചാട്ടത്തിന്‌ ഈ പ്രതിസന്ധി നിമിത്തമായേക്കാം.

ഓഹരി വിപണി

ഇക്വിറ്റി മാര്‍ക്കറ്റില്‍ മുന്നിലെത്താന്‍ പറ്റിയ സമയം

അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ ഓഹരി വിപണിയെ ഉത്തേജിപ്പിക്കുമെന്നും തളര്‍ത്തുമെന്നും വാദിക്കുന്നവരുണ്ട്‌. ഇപ്പോഴത്തെ തകര്‍ച്ച താല്‍ക്കാലികമാണ്‌. ഓഹരി വിപണികള്‍ കുറേക്കാലത്തേക്ക്‌ സമ്മര്‍ദ്ദത്തിലാകുമെങ്കിലും അസംസ്‌കൃത വസ്‌തുക്കളുടെ വിലയിടിവ്‌ ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക്‌ ഗുണംചെയ്യുമെന്ന്‌ റിലയന്‍സ്‌ മ്യൂച്ചല്‍ ഫണ്ട്‌ കമ്പനിയുടെ കൊച്ചിയിലെ ക്ലസ്‌റ്റര്‍ മാനേജര്‍ സുബിന്‍ ഫിലിപ്പ്‌ അഭിപ്രായപ്പെടുന്നു.

രണ്ടുവര്‍ഷമെങ്കിലും ഓഹരി മാര്‍ക്കറ്റില്‍ നില്‍ക്കാന്‍ കഴിയുന്നവര്‍ക്ക്‌ വലിയ ലാഭമുണ്ടാക്കാന്‍ കഴിയും. വിദേശധനകാര്യ സ്‌ഥാപനങ്ങള്‍ ചെറിയ ലാഭമെടുത്തുപോലും നിക്ഷേപം പിന്‍വലിക്കാനും ഇടയുണ്ട്‌.

വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ഓഹരി നിക്ഷേപത്തിനു താല്‍പര്യം കാണിച്ചുതുടങ്ങിയിട്ടുണ്ട്‌. അമേരിക്കന്‍ പ്രതിസന്ധി പെട്ടെന്ന്‌ ഉണ്ടായതല്ല രണ്ടുവര്‍ഷമായി പ്രതീക്ഷിച്ച പതനമാണ്‌. ഇക്വിറ്റി മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക്‌ മുന്‍നിരയിലെത്താന്‍ പറ്റിയ സമയമാണിപ്പോള്‍. ബ്രസീലിനും ചൈനയ്‌ക്കും ഉല്‍പ്പന്നങ്ങള്‍ സൃഷ്‌ടിക്കാനുള്ള ശേഷി മാത്രമാണുള്ളതെങ്കില്‍ ഇന്ത്യയ്‌ക്ക് ഉല്‍പന്നേതര വിപണിയും ലാഭകരമാണ്‌. കഴിഞ്ഞ ഒന്നര മാസത്തിനിടയ്‌ക്ക് ഒരിക്കലും വരാത്ത പണമാണ്‌ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റിലെത്തിയത്‌.

സ്‌ഥിരതയുള്ള സര്‍ക്കാരാണ്‌ വിപണി ഉയരാന്‍വേണ്ട പ്രധാന ഘടകം. ഇറ്റലി, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന്‌ ബോണ്ട്‌ ഇഷ്യു വന്നുതുടങ്ങി. ഇത്‌ ഉയരുന്നതോടെ മിക്ക ഇന്ത്യന്‍ കമ്പനികള്‍ക്കും നേട്ടമുണ്ടാക്കാനാവും. ഇപ്പോള്‍ ഇന്ത്യന്‍ വിപണി ആയിരം പോയിന്റ്‌ താഴെപ്പോയാലും ഭയക്കേണ്ടതില്ല; ഭാവിയില്‍ ഇരട്ടി വളര്‍ച്ചയാണുണ്ടാവുകയെന്നും അദ്ദേഹം പറയുന്നു. അമേരിക്കയിലെയും യൂറോപ്പിലേയും മൂല്യശോഷണം നിക്ഷേപകരുടെ ശ്രദ്ധ ഇന്ത്യയിലേക്കും ചൈനയിലേക്കും തിരിക്കും. ഇപ്പോഴത്തെ പ്രതിസന്ധി താല്‍ക്കാലികമായി ഇന്ത്യന്‍ ഓഹരി വിപണിയെ ബാധിക്കുമെങ്കിലും വര്‍ഷാവസാനത്തോടെ സ്‌ഥിതി മെച്ചപ്പെടും.

ഐടി രംഗം

ഇപ്പോള്‍ സുരക്ഷിതം; ഭാവിയില്‍ ആശങ്ക

അമേരിക്കന്‍ സമ്പദ്‌വ്യവസ്‌ഥ മാന്ദ്യത്തിനടിപ്പെട്ടാലും തങ്ങള്‍ക്കു പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നാണ്‌ രാജ്യത്തെ ഐ.ടി. വിദഗ്‌ധര്‍ പറയുന്നത്‌. 2008 ല്‍ മാന്ദ്യമുണ്ടായപ്പോള്‍ തങ്ങള്‍ സമ്പാദ്യത്തിനനുസരിച്ച്‌ കാര്യങ്ങള്‍ നീക്കിയെന്നും ആ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ പ്രതിസന്ധിയും മറികടക്കാന്‍ കഴിയുമെന്നും അവര്‍ വാദിക്കുന്നു. അമേരിക്കയുടെ വിപുലമായ കണ്‍സ്യൂമര്‍ മാര്‍ക്കറ്റിനെ കേന്ദ്രീകരിച്ചാണ്‌ ലോകകയറ്റുമതിയുടെ അച്ചുതണ്ട്‌ തിരിയുന്നത്‌.

ലോകം വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ മാന്ദ്യം യാഥാര്‍ഥ്യമല്ലെന്നാണു കരുതുന്നത്‌. പ്രതിവര്‍ഷം 600 കോടി ഡോളറിന്റെ വരുമാനം ഉണ്ടാക്കുന്ന ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ ബിസിനസിന്റെ 60 ശതമാനവും അമേരിക്കയുടെ സംഭാവനയാണ്‌. വ്യവസായ, വാണിജ്യ മേഖലകളുമായി ബന്ധപ്പെട്ട സംഘടനകളായ ഇ.ഐ.ഐ, എഫ്‌.ഐ.സി.സി.ഐ, അസോചം, എഫ്‌.ഐ.ഇ.ഒ. എന്നിവയെല്ലാം അമേരിക്കയുടെ റേറ്റിംഗ്‌ താഴ്‌ത്തിയത്‌ ഉത്‌കണ്‌ഠയുണ്ടാക്കുന്നു.

എന്നാല്‍ അമേരിക്കന്‍ വിപണിയിലെ തിരിച്ചടികൊണ്ട്‌ നിലവില്‍ സംസ്‌ഥാനത്തെ ഐ.ടി. രംഗത്ത്‌ തിരിച്ചടിയില്ലെന്നാണ്‌ ഇന്‍ഫോപാര്‍ക്ക്‌ സീനിയര്‍ ടെക്‌നിക്കല്‍ അഡ്വൈസര്‍ കെ. കുര്യന്‍ പറയുന്നത്‌. പാശ്‌ചാത്യനാടുകളില്‍ നിന്നുള്ള ഓര്‍ഡര്‍ കുറഞ്ഞാല്‍ മൂന്നുനാലു മാസം കഴിഞ്ഞേ അതിന്റെ പ്രതിഫലനം ഇന്ത്യന്‍ ഐ.ടി. മാര്‍ക്കറ്റിനെ ബാധിച്ചുതുടങ്ങൂവെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണനിക്ഷേപം

ഡോളറിന്റെ തളര്‍ച്ചയില്‍ സ്വര്‍ണം കുതിക്കും



അമേരിക്കന്‍ സമ്പദ്‌വ്യവസ്‌ഥ കൂടുതല്‍ പ്രതിസന്ധിയിലാണെന്ന വാര്‍ത്തകളും സ്വര്‍ണത്തിലുള്ള നിക്ഷേപ താല്‍പര്യം വര്‍ധിപ്പിച്ചതുമാണ്‌ ആഗോള വിപണിയിലെ വില ഉയരാന്‍ കാരണം. ഡോളറിന്റെ തളര്‍ച്ചയാണ്‌ സ്വര്‍ണവില ക്രമാധീതമായി ഉയര്‍ത്തുന്നത്‌.

നിക്ഷേപകര്‍ക്ക്‌ സ്വര്‍ണത്തില്‍ വിശ്വാസ്യത ഏറി. നിക്ഷേപമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്ന പ്രവണത കൂടുകയാണ്‌. ആഭരണങ്ങള്‍ക്ക്‌ ഏറ്റവും കൂടുതല്‍ സ്വര്‍ണം വിറ്റഴിക്കപ്പെടുന്ന ഇന്ത്യയില്‍ ഇത്‌ സാധാരണക്കാരെ വലയ്‌ക്കും. ഡോളര്‍ ദുര്‍ബലമായി യു.എസ്‌. ഡോളറുകള്‍ ആകര്‍ഷകമല്ലാതാവുന്നത്‌ സ്വര്‍ണത്തിന്റെ ഡിമാന്റ്‌ വര്‍ധിപ്പിക്കും. ജപ്പാന്‍ കഴിഞ്ഞ 15 വര്‍ഷമായി മാന്ദ്യത്തെ നേരിടുകയാണ്‌. ഈ സാഹചര്യത്തിലാണ്‌ ലോകം മുഴുവന്‍ സ്വര്‍ണത്തെ ഒരു പ്രധാന നിക്ഷേപ മാര്‍ഗമായി കാണുന്നതെന്ന്‌ സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഏബ്രഹാം തര്യന്‍ പറയുന്നു. 2008 ല്‍ 800 ഡോളറായിരുന്നു സ്വര്‍ണ വില. 2011 ല്‍ 17000 ഡോളറായത്‌ ഈ പശ്‌ചാത്തലത്തിലാണ്‌. അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയ്‌ക്ക് ഗുണകരമാകുമെന്നാണു പ്രതീക്ഷ. ക്രൂഡ്‌ ഓയില്‍ വില താഴേക്കുപോകും. ഇതുവഴി ഇന്ത്യയുടെ വലിയൊരു തലവേദനയായ നാണ്യപ്പെരുപ്പം പരിഹരിക്കപ്പെടും. സ്വര്‍ണം ഒഴികെയുള്ള ഉല്‍പന്നങ്ങള്‍ക്ക്‌ ആവശ്യകതയും വിലയും കുറയും.

അമേരിക്കന്‍ സര്‍ക്കാരിന്റെ വായ്‌പ എടുക്കാനുള്ള പരിധി ഉയര്‍ത്തേണ്ട സാഹചര്യത്തിലേക്ക്‌ ധനസ്‌ഥിതി നീങ്ങിയപ്പോള്‍തന്നെ കൂടുതല്‍ സുരക്ഷിതമായ നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക്‌ ഇടപാടുകള്‍ മാറുകയാണ്‌. ഒരുദിവസം തന്നെ രണ്ടും മൂന്നും തവണ സ്വര്‍ണ വില ഉയരുന്ന സ്‌ഥിതിവിശേഷമാണ്‌ ഇപ്പോഴുള്ളത്‌. കഴിഞ്ഞദിവസം കൊച്ചിയില്‍ രാവിലെ പവന്‌ 400 രൂപയുടെ റെക്കോഡ്‌ കുതിപ്പുണ്ടായി. ഉച്ചയ്‌ക്കുശേഷം 160 രൂപ കൂടി വര്‍ധിച്ചു. സ്വര്‍ണത്തിന്റെ ചുവടുപിടിച്ച്‌ വെള്ളി വിലയും ഉയരുകയാണ്‌. മൂന്നുമാസത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. കിലോഗ്രാമിന്‌ 1500 രൂപ കൂടി 60,100 രൂപയായി.

ബാങ്കിംഗ്‌ രംഗം

നാണ്യപ്പെരുപ്പം കുറയും; പലിശയും

ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ യു.എസില്‍ നിക്ഷേപിച്ചിട്ടുള്ള സ്‌ഥാപനങ്ങളുടെയും സര്‍ക്കാരുകളുടെയും ആത്മവിശ്വാസം കുറയ്‌ക്കും. പ്രതിസന്ധി ഇന്ത്യയ്‌ക്ക് ഗുണം ചെയ്യും.

രാജ്യം എളുപ്പത്തില്‍ ചൈനയ്‌ക്കൊപ്പം എത്തും. ഇന്ത്യയിലെ ബാങ്കിംഗ്‌ സംവിധാനം കൂടുതല്‍ പ്രബലമാണ്‌. ലോകമാന്ദ്യംവന്നാല്‍ ക്രൂഡ്‌ വില കുറയും. ആറുമാസമായി വില കുറയുന്നുണ്ട്‌. ഇങ്ങനെവന്നാല്‍ നാണ്യപ്പെരുപ്പം കുറയും. ഇന്ത്യ വളരെ സൂക്ഷിച്ചാണ്‌ കഴിഞ്ഞവര്‍ഷങ്ങളില്‍ നിക്ഷേപം നടത്തിയത്‌. ചെറിയശതമാനമേ യു.എസ്‌. ബോണ്ടുകളിലേക്ക്‌ പോയിട്ടുള്ളൂ.

യു.എസ്‌. വേണ്ടത്ര നിക്ഷേപ യോഗ്യമല്ലാതെവരുമ്പോള്‍ ആ പണം ചെറിയതോതിലെങ്കിലും ഇന്ത്യപോലുള്ള ഉയരുന്ന സമ്പദ്‌ഘടനകളിലേക്ക്‌ വരാം. അങ്ങനെവന്നാല്‍ ഓഹരി വിപണിക്ക്‌ ദീര്‍ഘകാലത്തേക്ക്‌ സഹായകമായേക്കാം. ഇനി റിസര്‍വ്‌ ബാങ്കിന്‌് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ ഉയര്‍ത്തേണ്ടിവരില്ല. പടിപടിയായി താഴ്‌ത്തുകയാവാം. നാണയപ്പെരുപ്പം കുറയ്‌ക്കാന്‍ ഇപ്പോള്‍ പലിശ കൂട്ടുന്ന രീതി ഫലം കാണുന്നില്ല. നാണ്യപ്പെരുപ്പം കുറഞ്ഞാല്‍ ഇന്ത്യയിലെ പലിശനിരക്കുകള്‍ കുറയും. ഇന്ത്യന്‍ ബാങ്കുകള്‍ക്ക്‌ യു.എസ്‌. ബോണ്ടുകളില്‍ വളരെ കുറഞ്ഞ നിക്ഷേപമേയുള്ളൂ. അതുകൊണ്ട്‌ ഇന്ത്യന്‍ ബാങ്കുകളെ അല്‍പംപോലും ബാധിക്കില്ല. പലിശനിരക്ക്‌ കുറയുന്നത്‌ ബാങ്കിംഗിന്‌ ഉണര്‍വേകും. വായ്‌പ എടുക്കുന്നത്‌ വര്‍ധിക്കുമ്പോള്‍ സാമ്പത്തികരംഗത്ത്‌ ഉണര്‍വേകും. വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗം കൂടും. വിപണിയിലേക്ക്‌ പണം ഒഴുകിയാല്‍ ഡിമാന്റ്‌ വര്‍ധിക്കും - ഏബ്രഹാം തര്യന്‍ പറയുന്നു.
E-mail to a friend