Friday, January 27, 2012

സ്ത്രീകളെ വെറും ഭോഗവസ്തു മാത്രമായി കാണുന്ന ഒരു സംസ്ക്കാരമാണ് കാസനോവ

സ്ത്രീകളെ വെറും ഭോഗവസ്തു മാത്രമായി കാണുന്ന ഒരു സംസ്ക്കാരമാണ് കാസനോവ എന്ന സിനിമ മലയാളി സമൂഹത്തിലേയ്ക്ക് പകര്‍ന്ന് നല്‍കുന്നത്. 23 കോടി രൂപ മുടക്കി രണ്ട് വര്‍ഷക്കാലത്തോളും വിദേശ രാജ്യങ്ങളില്‍ ചിത്രീകരണം നടത്തി പ്രേക്ഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവില്‍ കേരളത്തിലെ 138 തിയറ്ററുകള്‍ ഉള്‍പ്പെടെ ലോകത്ത്‌ 300 തിയേറ്ററുകളില്‍ എത്തിയിരിക്കുന്നു എന്നു പറയപ്പെടുന്ന ‘കാസനോവ’, കേരളീയ സംസ്ക്കാരം അതുമല്ലെങ്കില്‍ ഭാരതീയ സംസ്ക്കാരം എന്നു നമ്മള്‍ വാതോരാതെ പ്രസംഗിക്കുന്ന പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സാമൂഹിക അംഗീകാരത്തിന് മുന്നില്‍ തിരശ്ശീലയിട്ട് സ്ത്രീയുടെ വ്യക്തിത്വത്തെ വെറും പുരുഷന്റെ കാമപൂര്‍ത്തീകരണത്തിനുള്ള ഉപകരണം മാത്രമാക്കി പ്രദര്‍ശിപ്പിക്കുകയാണ്. രാജ്യം ലഫ്‌റ്റനന്റ് കേണല്‍ പോലെ പരമോന്നതമായ ഒരു പദവി നല്‍കി ആദരിച്ചിരിക്കുന്ന ഒരു നടന് നായക വേഷം കെട്ടി മലയാളി സമൂഹത്തിലേയ്ക്ക് പകര്‍ന്ന് നല്‍കാന്‍ പറ്റിയ ഒരു സന്ദേശമായിരുന്നോ ഇതെന്ന് മോഹന്‍ലാല്‍ മാത്രമല്ല, സദാസമയം കൂടെ നടക്കുന്ന സ്തുതിപാഠക സംഘവും ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നവരും ആലോചിക്കേണ്ടതായിരുന്നു.


'കാസനോവ' എന്ന പേരിന്റെ ചരിത്ര പശ്ചാത്തലത്തിലേയ്ക്ക് നോക്കിയാല്‍, ഇപ്പോഴത്തെ ഇറ്റലിയിലെ വെനീസില്‍ 1725 ഏപ്രില്‍ 2 നു ജനിച്ച് 73 വര്‍ഷം ജീവിച്ച് 1798 ജൂണ്‍ 4 മരണമടഞ്ഞ ജിയോവാനി യാക്കോപ്പോ കാസനോവയാണ് ലോകപ്രശസ്തി നേടിയ കഥാപാത്രം. രതിസാഹസികനും എഴുത്തുകാരനുമായിരുന്ന കാസനോവ, അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരില്‍ പ്രശസ്തനായിരുന്നു.മാത്രവുമല്ല അദ്ദേഹത്തിന്റെ പേരു തന്നെ വശീകരണത്തിനു പര്യായവുമായി പറയപ്പെടുന്നു. ഇതുപോലൊരു കഥയെടുത്ത് ഇത്രയും പ്രചാരം നല്‍കി അവതരിപ്പിക്കുന്നതിന് തുനിഞ്ഞ മോഹന്‍ ലാല്‍ മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നതെന്ന് ആരെങ്കിലും കുറ്റപ്പെടുത്താലും തെറ്റ് പറയാനാവില്ല. സിനിമയ്ക്ക് സാധാരണ മനസ്സുകളെ സ്വാധീനിക്കാനുള്ള ശേഷികൊണ്ട് തന്നെ ഈ സിനിമ കേരളീയരുടെ മനസ്സില്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു പുതിയ ധാരണയും വളരെ അപകടകരമായ ഒന്നാണ്.


കാസനോവയുടെ കഥ പറയുന്ന സിനിമ ഇതിനു മുന്‍പും പല ഭാഷകളിലും ഇറങ്ങിയിട്ടുള്ളതായി ചിലയിടങ്ങളില്‍ വായിച്ചറിഞ്ഞു. ഹംഗറിയിലും ഇറ്റലിയിലും അമേരിക്കയിലുമെല്ലാം ഇറങ്ങിയിട്ടുള്ള സിനിമ പോലെയല്ല, കേരളത്തില്‍ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു നടന്‍ നായക വേഷം ചെയ്യുന്ന സിനിമ സമൂഹത്തില്‍ സൃഷ്ടിച്ചേക്കാവുന്ന ചലനങ്ങള്‍. ബോബി-സഞ്ജയ് സഹോദരന്‍മാര്‍ സ്ക്രിപ്റ്റ് എഴുതുമ്പോഴും റോഷന്‍ ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുമ്പോഴും കുറച്ച് കൂടി സാമൂഹിക പ്രതിബദ്ധത കാണിക്കാവുന്നതാണ്.


പൂ കച്ചവടക്കാരനായ നായകന് ലോകത്ത് എവിടെ ചെന്നാലും സ്ത്രീകളുമായി കിടപ്പറ ബന്ധമാണ്. കഥയുടെ കേന്ദ്രമായ ദുബായ് നഗരത്തില്‍ നായകന്‍ വന്നിറങ്ങിയാല്‍ മാതാപിതാക്കളും കാമുകന്മാരും ഭര്‍ത്താക്കന്മാരും തങ്ങളുടെ വീടുകളിലെ യൗവനത്തിലെത്തിയ എല്ലാവരേയും സൂക്ഷിക്കേണ്ട അവസ്ഥ. അല്ലെങ്കില്‍ എല്ലാ യുവതികളും ഇയാളുടെ കൂടെ പോകുമത്രെ. അന്താരാഷ്ട്ര പൂക്കച്ചവടക്കാരനായ ഇയാള്‍ക്ക് സ്ത്രീകളെ വശീകരിക്കലാണ് പ്രധാന പണി. അതിനു വേണ്ടി പ്രത്യേകിച്ച് ഇയാളൊന്നും ചെയ്യുന്നില്ല മറിച്ച് സുന്ദരികള്‍ ഇയാളുടെ വലയിലേയ്ക്ക് ചെന്ന് വീഴുകയാണ്. എല്ലാ ദിവസവും ഓരോ സ്ത്രീകളോട് കിടപ്പറ പങ്കിടുന്ന നായകന്‍, രണ്ടായിരം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ടല്ലോ എന്ന പത്രലേഖകന്റെ ചോദ്യത്തിന് നല്‍കുന്ന ഉത്തരം അത് ശത്രുക്കള്‍ പറഞ്ഞു പരത്തുന്നതാണെന്നും, യഥാര്‍ത്ഥത്തില്‍ അതിലും കൂടൂതലുണ്ടെന്നും പറഞ്ഞ് ആരാധകരെ പുളകം കൊള്ളിക്കുന്നുമുണ്ട്.


ലോകത്ത് എവിടെ പോയാലും ഇയാള്‍ക്ക് കിടക്ക വിരിയ്ക്കുന്ന പെണ്ണുങ്ങള്‍ മാത്രമുള്ള കഥ പറഞ്ഞിട്ട് പെട്ടെന്ന് നായകന് വേണ്ടി കന്യകയായ ഒരുവള്‍ കാത്തിരിക്കുന്നത് കാണിക്കുന്നു. ഇത്രയും കാലം അസന്മാര്‍ഗികളായ സ്ത്രീകള്‍ക്കൊപ്പം രമിച്ച് നടന്നിരുന്ന നായകന് വേണ്ടി സ്വഭാവശുദ്ധിയുള്ളവളും പരിശുദ്ധയുമായ ഒരുവള്‍ വരുന്ന രംഗം കാണിക്കുന്നു. തന്റെ കന്യാത്വം ഉറപ്പിച്ച് കാണിക്കുന്നതിനായി ശ്രേയാ ശരണ്‍ പറയുന്ന ഡയലോഗ് തന്നെ സ്ത്രീത്വത്തിന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുന്ന ഒന്നാണ്. ലോകത്തെ ബാക്കി സ്ത്രീകളെല്ലാം അവരുടെ കാമുകന്മാരെയും ഭര്‍ത്താക്കന്മാരെയും വഞ്ചിച്ച് അഴിഞ്ഞാടാന്‍ നടക്കുന്നവരും നായിക മാത്രം പരിശുദ്ധയും. കാണുന്ന സ്ത്രീകളെ എല്ലാം തന്റെ കാമപൂര്‍ത്തീകരണത്തിന് ഉപയോഗിക്കുന്ന നായകനെ കണ്ട് സായൂജ്യമടയുന്നത്‌, അനുദിനം പീഢനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന കേരളീയ സമൂഹത്തിലാണ്.


നായകന്‍ ഇന്റര്‍നാഷണല്‍ പൂക്കച്ചവടക്കാരനാണെങ്കില്‍ ഇത് കാണുന്നവര്‍ വീടുവീടാന്തരം കയറി ഇറങ്ങുന്ന നാട്ടിലെ പാവപ്പെട്ട പാത്രക്കച്ചവടക്കാരും മാര്‍ക്കറ്റിങുകാരും വിദ്യാര്‍ത്ഥികളും ഓട്ടോറിക്ഷാക്കാരും എല്ലാം ഉള്‍പ്പെടുന്ന സാധാരണക്കാരാണ്. പിഞ്ചുകുഞ്ഞിനെ മുതല്‍ വൃദ്ധയെ വരെ പീഢിപ്പിക്കുന്ന വാര്‍ത്തകള്‍ പുതുമയല്ലാതെയായി മാറിയിരിക്കുന്ന കേരളത്തില്‍ കാസനോവ പോലെ രണ്ടായിരം പേരുമായുള്ള ബന്ധം ഒന്നുമല്ല, യഥാര്‍ത്ഥത്തില്‍ അതിലും കൂടുതലുണ്ട് എന്നു സ്ഥാപിക്കാനായി ആളുകള്‍ ഇറങ്ങിയാലുള്ള അവസ്ഥ എന്തായി തീരും. അന്താരാഷ്ട്ര പൂക്കച്ചവടക്കാരനായ കാസനോവയ്ക്ക് ഒട്ടേറെ വിദേശ രാജ്യങ്ങളില്‍ പോയി പലരോടും കിടപ്പറ പങ്കിടാന്‍ പറ്റിയേക്കും. പക്ഷേ സിനിമ കാണുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ കുറച്ച് പേര്‍ക്കെങ്കിലും ഇതൊരു അനുകരണീയമായ കഥാപാത്രമായി തോന്നിയാല്‍ അതിന്റെ ഇരകളായി തീരാന്‍ പോകുന്നത് കേരളത്തിലെ പെണ്‍വര്‍ഗത്തില്‍ പെട്ടസാധുക്കളായിരിക്കും.


സ്ര്തീയെ അമ്മയായും സഹോദരിയായും മകളായും കാണണമെന്ന സന്ദേശം നല്‍കുന്ന സിനിമയില്‍ മാത്രമേ അഭിനയിക്കാവൂ എന്നൊന്നും ലാലേട്ടനോട് വാശിപിടിക്കുന്നില്ലെ. പക്ഷേ സ്ര്തീ പുരുഷന്റെ കാമപൂര്‍ത്തീകരണത്തിനുള്ള , മാംസപിണ്ഡമാണ് എന്നു പറയാതെ പറയരുത്. ഇത്തരമൊരു മ്‌ളേച്ഛ സംസ്ക്കാരം മലയാളി സമൂഹത്തില്‍ ഉണ്ടാവാന്‍ ഇടവരാതിരിക്കട്ടെ

No comments:

Post a Comment