Wednesday, August 5, 2009

മിസ് കേരള 2009 - അര്‍ച്ചനാ നായര്‍ കിരീടം ചൂടി.

ഏറെ വിവാദങ്ങള്‍ക്കും കോടതി ഇടപെടലിനും ശേഷം അരങ്ങേറിയ മിസ് കേരള 2009 മത്സരത്തില്‍ അര്‍ച്ചനാ നായര്‍ കിരീടം ചൂടി. കൂടെ മത്സരിച്ച ഇരുപത് സുന്ദരികളെ പിന്നിലാക്കിയാണ്‌ അര്‍ച്ചനയെന്ന പത്തൊന്‍പതുകാരി കേരളത്തിന്റെ സൌന്ദര്യറാണി പട്ടം കരസ്ഥമാക്കിയത്. മിസ് ടാലന്‍റഡ്, മിസ് ബ്യൂട്ടിഫുള്‍ മൈന്‍ഡ് പദവികള്‍ നേടിയെടുത്ത്, മിസ് കേരളയായ അര്‍ച്ചന തിരുവനന്തപുരം സ്വദേശിനിയാണ്. താമസം ഇപ്പോള്‍ അമേരിക്കയിലെ മിനസോട്ടയിലും.

അമേരിക്കയിലെ കാലിഫോര്‍ണിയില്‍ സ്റ്റാന്‍സ്‌ഫോര്‍ഡ്‌ യൂണിവേഴ്സിറ്റിയില്‍ ബയോ എന്‍ജിനീയറിങ്‌ വിദ്യാര്‍ത്ഥിനിയാണ് അര്‍ച്ചന. തിരുവനന്തപുരം സ്വദേശികളായ ഡോ. അപ്പുക്കുട്ടന്‍നായരുടെയും ലതാനായരുടെയും മകളാണ്‌.

സൗന്ദര്യമല്‍സരം വിലയിരുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിയമിച്ച അഭിഭാഷക കമ്മിഷന് മുന്നിലായിരുന്നു മത്സരം അരങ്ങേറിയത്. കൊച്ചിയിലെ മെരിഡിയന്‍ ഹോട്ടലിന്‍റെ കണ്‍വന്‍ഷന്‍ സെന്‍ററായിരുന്നു മത്സരവേദി. പത്തുവര്‍ഷമായി മിസ് കേരള മത്സരം സംഘടിപ്പിക്കുന്ന ഇംപ്രസാരിയോ ഇവന്‍റ് മാനേജ്മെന്‍റും ഐടിസി ബ്രാന്‍ഡ് വിവലും ചേര്‍ന്നാണ് ഇത്തവണയും പരിപാടി സംഘടിപ്പിച്ചത്. എന്നാല്‍ വനിതാ ശിശു സംരക്ഷണ പദ്ധതിയുമായി സഹകരിച്ചാണ് ഇത്തവണ മിസ് കേരള മത്സരം നടത്തിയത്.

തിരുവനന്തപുരത്തു നിന്നുള്ള ഗീതുക്രിസ്‌റ്റിയാണ്‌ ഫസ്റ്റ്‌ റണ്ണറപ്പ്‌. കൊച്ചിക്കാരിയായ ബോണി മേരി മാത്യു സെക്കന്‍ഡ്‌ റണ്ണറപ്പുമായി. ബികോം വിദ്യാര്‍ഥിനിയാണ് ഗീതു. ബോണിയാവട്ടെ കമ്യൂണിക്കേറ്റീവ്‌ ഇംഗ്ലീഷ്‌ പഠിച്ചുകൊണ്ടിരിക്കുന്നു.

സംവിധായകന്‍ പ്രിയദര്‍ശന്‍, ചലച്ചിത്രതാരങ്ങളായ നരേന്‍, ബാല, ഗായിക ഉഷാ ഉതുപ്പ്‌, നര്‍ത്തകി പല്ലവി കൃഷ്‌ണന്‍, മോഡലും ഹിന്ദി നടിയുമായ കൈനാഥ്‌ അറോറ, മേത്തര്‍ ഗ്രൂപ്പ്‌ എം ഡി റാഫി മേത്തര്‍, അക്വാ വാട്ടര്‍ സിസ്‌റ്റം എംഡിയായ എന്‍ രാജീവ്‌ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

മിസ്‌ കേരള മല്‍സരവും റിയാലിറ്റി ഷോകളും പോലെയുള്ള പരിപാടികള്‍ ധാര്‍മികതയ്ക്കു നിരക്കുന്നതല്ലെന്നും പെണ്‍കുട്ടികളെയും യുവതികളെയും ചൂഷണം ചെയ്യുന്നതാണെന്നും ആരോപിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സൌന്ദര്യമത്സരം നിരീക്ഷിക്കാനായി അഭിഭാഷക കമ്മിഷനെ കോടതി നിയമിച്ചത്. ഒരാഴ്ചക്കുള്ളില്‍ കമ്മീഷന്‍ നല്‍‌കുന്ന റിപ്പോര്‍ട്ടായിരിക്കും ഇന്ത്യയില്‍ നടക്കുന്ന സൌന്ദര്യമത്സരങ്ങളുടെ ഭാവി നിര്‍ണയിക്കുക.

No comments:

Post a Comment