സ്വന്തം കഴിവിലുള്ള ആത്‌മവിശ്വാസത്തിന്റെ വിശ്വരൂപമായിരുന്നു ദേരാജന്‍ മാസ്‌റ്റര്‍. അതിനെ അഹങ്കാരമായി വ്യാഖ്യാനിക്കുകയാണെങ്കില്‍ മാസ്‌റ്റര്‍ വലിയ അഹങ്കാരി തന്നെയായിരുന്നു. മലയാളത്തിലെ സംഗീതത്തിന്റെ ഗുണനിലവാരം മാത്രമല്ല അന്തസ്സും ഉയര്‍ത്തിയത് ഈ മഹാനുഭാവനായിരുന്നു. പാടുന്നവരും വാദ്യോപകരണക്കാരുമല്ലാത്ത മറ്റാരെങ്കിലും - ഗാനരചയിതാവുപോലും തന്റെ പാട്ടുകള്‍ ആദ്യമായി കേള്‍ക്കുന്നത് റെക്കോര്‍ഡിംഗ് സ്‌റ്റുഡിയോയിലെ സ്‌പീക്കറുകളിലൂടെ മാത്രമായിരിക്കുമെന്ന് ഇദ്ദേഹം ആര്‍.എം. വീരപ്പനോട് തുറന്നടിച്ചു പറഞ്ഞില്ലായിരുന്നെങ്കില്‍ ഏതാനും എം.ജി.ആര്‍. പടങ്ങളിലെങ്കിലം ദേവരാജസംഗീതം കേള്‍ക്കാന്‍ നമുക്കിടവരുമായിരുന്നു.
പക്ഷേ, ഈ മ്യൂസിക്കല്‍ പ്രൊഡിജിയുടെ വായില്‍ നിന്നും പ്രവഹിച്ച ഈണങ്ങളോളം കര്‍ണ്ണസുഖദമല്ലായിരുന്നു ആ വാക്കുകള്‍.. പലപ്പോഴും അവ കര്‍ണ്ണകഠോരമായിരുന്നുതാനും! എന്നിരുന്നാലും അവയില്‍ ഒളിഞ്ഞിരിക്കുന്ന നര്‍മ്മേക്‌തികള്‍ ആസ്വദിക്കാന്‍ കഴിയുന്നവര്‍ക്ക് ആദ്യത്തെ ഒരു ചളിപ്പു മാറിക്കഴിയുമ്പോള്‍ അവ രസകരമായി തോന്നിയിട്ടുണ്ടാവണം. സംശയമുണ്ടെങ്കില്‍ ഈ കഥകളൊക്കെ ഒന്നു നോക്കുക.
1955-ല്‍ കാലം മാറുന്നുവും, 59-ല്‍ 'ചതുരംഗവും' കഴിഞ്ഞ് സിനിമയോടും അതിലെ സംഗീതത്തിനോടും വലിയ പ്രതിപത്തിയൊന്നും കാണിക്കാതെ നാടകവും സംഗീതക്കച്ചേരിയുമായി കഴിയുമ്പോഴാണ് മാസ്‌റ്ററെ വിളിക്കാന്‍ ഉദയായില്‍ നിന്നും ആള്‍ വരുന്നത്. കമ്മ്യൂണിസ്‌റ്റുകാരന്‍ ഒരു മുതലാളിയുടെ മുന്നില്‍ അടിയറവു പറയുന്നതിന്റെ വിഷമം ഉള്ളിലുണ്ടായിരുന്നതുകൊണ്ട് തികച്ചും ധിക്കാരപരമായാണ് മാസ്‌റ്റര്‍ കുഞ്ചാക്കോയുടെ മുന്നില്‍ പെരുമാറിയത്. മടക്കിക്കുത്തിയ മുണ്ടുപോലും നേരെയിടാതെ, തോര്‍ത്തുകൊണ്ടൊരു തലേല്‍ക്കെട്ടുമായിട്ടായിരുന്നു അവിടുത്തെ ആ ഇരിപ്പ്.
''മിസ്‌റ്റര്‍ ദേവരാജന്‍, മൂന്നു പടങ്ങളുടെ മ്യൂസിക്കാണ് ഞാന്‍ ഒന്നിച്ചു നിങ്ങളെ ഏല്‌പിക്കുന്നത്. ഭാര്യ, കടലമ്മ, ശകുന്തള,'' വിഷയം അവതരിപ്പിച്ചുകൊണ്ട് കുഞ്ചാക്കോ പറഞ്ഞു. ''ഇതില് ഭാര്യേടെ പാട്ടുകള് ഒടനെ ചെയ്യണം. മറ്റേത് രണ്ടും എപ്പായിരിക്കുംന്ന് ഇപ്പോ പറയാന്‍ പറ്റില്ല. ഇതില് ആദ്യത്തെ പടത്തിന് ഞാന്‍ നിങ്ങള്‍ക്ക് ആയിരം രൂപ തരും. രണ്ടാമത്തേതിന് രണ്ടായിരം, മൂന്നാമത്തേതിന് മൂവായിരവും.''
ഇതു കേട്ടതും ഒരുനിമിഷം പോലും പാഴാക്കാതെ മാസ്‌റ്റര്‍ പറഞ്ഞു, ''ഈ മൂന്നു പടോം എനിക്കു വേണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ മൊതലാളിക്ക് എന്നോട് മുഷിച്ചിലൊന്നു തോന്നില്ലല്ലോ?''
''അതെന്താ?'' കുഞ്ചാക്കോ ഒന്നമ്പരന്നു.
''എന്റെ ജോലിക്ക് പ്രതിഫലം നിശ്‌ചയിക്കേണ്ടത് ഞാനാണല്ലോ!''
''അങ്ങനെയാണോ?'' എങ്കില്‍ അതു പറ.
മാസ്‌റ്റര്‍ അതു പറഞ്ഞു. ''ഈ പറഞ്ഞ ആദ്യത്തെ പടത്തിന് എനിക്ക് മൂവായിരം തികച്ചും കിട്ടണം. രണ്ടാമത്തെ പടത്തിന് എനിക്ക് രണ്ടായിരം മതി, കാരണം, ഇതിനിടയില്‍ നമ്മള്‍ തമ്മില്‍ കുറച്ച് അടുക്കുമല്ലോ. ആ അടുപ്പത്തിന്റെ പേരിലാണിത്. മൂന്നാമത്തെ പടമാവുമ്പോഴേക്കും നമ്മുടെ അടുപ്പം പിന്നെയും വര്‍ദ്ധിക്കും.. അപ്പോ എനിക്ക് ആയിരിമായാലും മതി. ഇനി തുടര്‍ന്നും ഉദയായുടെ സിനിമകള്‍ എന്നെ ഏല്‌പിക്കുകയാണെങ്കില്‍ എനിക്ക് പ്രതിഫലമേ വേണ്ട.''
ഇതില്‍ രണ്ടാമത്തെ പടം അടുത്തവര്‍ഷവും മൂന്നാമത്തേതിന് അതിന് അടുത്തതിന്റെ അടുത്തവര്‍ഷവുമായിരുന്നു നടന്നതെന്നതുകൊണ്ട് തന്റെ ദീര്‍ഘദൃഷ്‌ടിയെപ്പറ്റി മാസ്‌റ്റര്‍ പിന്നീട് അഭിമാനം കൊള്ളുകയുണ്ടായിട്ടുണ്ടത്രേ!
കുളത്തൂപ്പുഴ രവി എന്ന ഗായകന് മാസ്‌റ്റര്‍ ഒരു കോറസ്സില്‍ പാടാനുള്ള അവസരംപോലും നല്‌കിയില്ല. വര്‍ഷക്കണക്കിന് അയാള്‍ ഒരു പാട്ടിനായി മാസ്‌റ്ററുടെ പുറകെ നടന്നതു മാത്രം മിച്ചം. പിന്നെ രവി വലിയ സംഗീത സംവിധായകനായി. രവീന്ദ്രന്‍ എന്ന സംഗീതസംവിധായകന്‍ അനേകം ഹിറ്റു പടങ്ങള്‍ ചെയ്‌തതിനുശേഷം ഒരിക്കല്‍ താന്‍ സംഗീതസംവിധായകനായ 'പ്രദക്ഷിണം' എന്ന ചിത്രത്തിന്റെ പൂജയില്‍ അതിഥിയായി പങ്കെടുക്കാനെത്തിയ ദേവരാജന്‍മാസ്‌റ്ററെ കണ്ട് രവി അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. അന്ന് റെക്കോര്‍ഡ് ചെയ്യാന്‍ പോകുന്ന പാട്ട് അദ്ദേഹത്തെ പാടി കേള്‍പ്പിക്കുകയും ചെയ്‌തു.
പൂജ കഴിഞ്ഞ് മടങ്ങാന്‍ നേരത്ത് മാസ്‌റ്റര്‍ രവിയോടു ചോദിച്ചു. ''രവി, എനിക്ക് ഒന്നു കേട്ടാ മതി. നീ ഇപ്പോ ഹാപ്പിയാണല്ലോ?''
''അതേ മാഷേ,'' രവി വികാരാധീനനായി.'' ഞാന്‍ നോക്കുമ്പോ എന്റെ സക്‌സസ്സിന്റെ ഒരു രഹസ്യം ഞാന്‍ ദാസേട്ടനെക്കൊണ്ട് മാത്രം പാടിക്കുന്നതാണ്.
ഒന്ന് ഓര്‍ത്തിട്ട് മാസ്‌റ്റര്‍ പ്രതിവചിച്ചു; ''ഇപ്പോ നിനക്ക് മനസിലായിക്കാണും അന്നു ഞാന്‍ എന്താണ് നിന്നെക്കൊണ്ട് പാടിക്കാഞ്ഞതെന്ന്!''
യുവഗായകനായ ഒ.പി. ഭാസ്‌കരന് 'ദേവരാജന്‍മാസ്‌റ്റര്‍' എന്നു കേട്ടാല്‍ വിറയല്‍ വരുമായിരുന്നു. എങ്കില്‍ 'രതിനിര്‍വ്വേദത്തി'ലെ കാലം കുഞ്ഞുമനസ്സില്‍ ചായം പൂശി' എന്ന പാട്ടിനുവേണ്ടി കോറസ്സില്‍ പാടാന്‍ അവസരം ലഭിച്ചപ്പോള്‍ ഭാസ്‌കരന്‍ പോയി. കോറസ്സായി പാടുന്ന ഭാഗം കോറസ്സില്‍ പങ്കെടുക്കുന്ന ഗായകര്‍ ഓരോരുത്തരെക്കൊണ്ട് ഒറ്റയ്‌ക്കൊറ്റയ്‌ക്ക് പാടിച്ച് റിഹേഴ്‌സ് ചെയ്യിക്കുന്ന പതിവ് മാസ്‌റ്റര്‍ക്കുണ്ടായിരുന്നു. ഭാസ്‌കരന്‍ അതില്‍ ഭംഗിയായി പാസായി.
ടേക്കിന്റെ സമയത്ത് കോറസ്സ് സെക്‌ഷനില്‍ ഒരു ശബ്‌ദം കുറവുള്ളത് മാസ്‌റ്റര്‍ ശ്രദ്ധിച്ചു. 'കട്ട്' പറഞ്ഞ് കോറസ്സുകാരെ മാത്രം പാടാന്‍ വിട്ടിട്ട് മാസ്‌റ്റര്‍ വോയ്‌സ് ബൂത്തിനടുത്തി ചെന്ന് അകത്തേക്ക് പാളിനോക്കി. അവിടെ ഭാസ്‌കരന്‍ ഒഴികെ മറ്റെല്ലാവരും തകര്‍ത്തു പാടുന്നു. ഭാസ്‌കരന്‍ പക്ഷേ വെറുതെ നില്‌ക്കുകയല്ല. ഒരു വലിയ ഗായകന്റെ ഭാവഹാവാദികളോടെ അയാള്‍ പാടുന്നുണ്ട്, എന്നാല്‍ ശബ്‌ദം പുറത്തുവരുന്നില്ല. തിരികെ കണ്‍സോളിലെത്തി ടോക്‌ബാക്ക് ഓണ്‍ ചെയ്‌തിട്ട് മാസ്‌റ്റര്‍ പറഞ്ഞു. ''ആ ഒ.പി. ഭാസ്‌കരന്‍ - ഒറക്കെ പാടാത്ത ഭാസ്‌കരന്‍ ഇങ്ങോട്ടു വന്നാട്ടെ..''
പേടിച്ചു വിറച്ച് തന്റെ മുന്നിലേക്കു വന്ന ഭാസ്‌കരനോട് മാസ്‌റ്റര്‍ ചോദിച്ചു. ''റിഹേഴ്‌സലിനൊക്കെ നീ നന്നായി പാടിയതാണല്ലോ. പിന്നെന്തു പറ്റിയെടാ?''
''അത്... ടേക്കായതുകൊണ്ടാ മാഷേ,'' ഭാസ്‌കരന്‍ തന്റെ പരാധീനത വെളിപ്പെടുത്തി.
''എടാ, ടേക് എടുത്താലല്ലേ നമുക്ക് ഇത് നാട്ടുകാരെ കേള്‍പ്പിക്കാന്‍ ഒക്കൂ... അല്ലാതെ നാട്ടുകാരെ മുഴുവന്‍ വിളിച്ചുവരുത്തി നിന്റെ റിഹേഴ്‌സല് കേള്‍പ്പിക്കാനൊക്കില്ലല്ലോ!'' മാസ്‌റ്റര്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment